Tuesday, September 3, 2013

                                  മത്തായിയുടെ വെളിപ്പാട് 

അളിയാ , ഈ  പെണ്ണ് ഒരു സംഭവം തന്നാണല്ലേ???...
ഫേസ് ബുക്കിലെ പല പെണ്‍  സുഹൃത്തുകളുടെ പ്രൊഫൈലിൽ നോക്കിയിരുന്നു ഞാൻ അന്നു  പറഞ്ഞു .



ഇങ്ങള്  അതൊക്കെ വിടീന്ന് .. ഇതൊക്കെ തട്ടിപ്പല്ലേ . ഫോട്ടോഷോപ്പിൽ  കയറ്റി മിനുക്കിയിട്ട പടങ്ങളാ ....നമ്മളെ പോലുള്ളവന്മാരുടെ നെഞ്ചത്ത് കൊള്ളാനായി  ഇവറ്റകള് അപ്ലോഡ് ചെയ്യുന്നതാ . ഈ  ജാതികളെ ഒക്കെ നേരിട്ട് കണ്ടാലുണ്ടല്ലോ ....തീർന്നു  എല്ലാം ...ഫൈസൽ  ഇങ്ങനെ  എന്റെ  കമന്റു മുറിച്ചു .

അല്ല ,നിനക്ക് അങ്ങനെ വല്ല അനുഭവം ഉണ്ടായോ അളിയാ ?

പിന്നെ  നമ്മളെ അതിനൊന്നും കിട്ടൂലെ ....ഇതു ഫൈസലാ മോനെ ...

അങ്ങനെ  ആ സംഭാഷണം അവിടവസാനിപ്പിച്ചിട്ട് ഞങ്ങൾ രൂപന്റെ റൂമിലേക്ക്‌ വന്നു .

അതാണ് ഹേ  യഥാർഥ  'ബാച്ചിലേഴ്സ് റൂം '.....! നമുക്ക് ഇരിക്കണമെങ്കിൽ പൊടി കൊട്ടി കളഞ്ഞിട്ടു വേണം ഇരിക്കാൻ , പിന്നെ അനേക രാവിന്റെയും പകലിന്റെയും ലഹരിയെ പകർന്നു തന്നതിൻറെ സ്മാരകങ്ങളായ ഒഴിഞ്ഞ  ബീയർ , റം , വിസ്ക്കി  മുതലായവയുടെ വിവിധയിനം  ബ്രാണ്ടുകളിലെ കുപ്പികൾ , ഒരിക്കലും ഓഫ്‌ ചെയ്യാത്ത ലാപ്ടോപ് ,  ഒരു നല്ല തുണി ഇല്ലാ  എന്ന് സംശയിപ്പിക്കും വിധം അവിടിവിടെയായി  തൂങ്ങി കിടക്കുന്ന തുണികൾ . അടക്കു തെറ്റി തെറിച്ചു വീണ പുസ്തക കൂമ്പാരങ്ങൾ , ജോയിന്ടു  വലിച്ചു നിൽക്കുന്ന ബോബ് മാർലെയുടെ ബ്ലാക്ക്‌ ആൻഡ്‌ വൈറ്റ് ചിത്രം ...അങ്ങനെ ഒരുപിടി ബാച്ചിലർ  കാഴ്ചകളുടെ കൂമ്പാരമാണ് ആ  മുറി . അവൻ എങ്ങനാണ് ഇവിടെ കഴിച്ചു കൂട്ടുന്നത്‌ എന്ന് ഞങ്ങൾ ഇടക്കിടക്ക് പറയാറുണ്ട്, എങ്കിലും ഞങ്ങളുടെ  "കൂട്ടായ്മകൾക്ക്" ഇത്രയും  പറ്റിയ ഇടം ലൊകതെങ്ങുമില്ല .

ഇന്നത്തെ കൂട്ടം കൂടലിന് പ്രത്യേകിച്ചു കാരണമൊന്നും ഇല്ലെങ്കിലും , നുമ്മ ഒരിക്കലും പരസ്പരം ആരായുകയില്ല  എന്തിനാണ് അളിയാ ഇന്നത്തെ കുപ്പി? കിട്ടുന്നത് മോന്തിയിട്ട്‌ പോകും , അത്രതന്നെ . വല്ലവനും എന്തെങ്കിലും കാരണം പറഞ്ഞാൽ --അതിനൊരു ചിയേഴ്സ് ....അല്ലാതെ നമുക്കാർക്കും വല്യ ഭാവങ്ങൾ ഒന്നുംതന്നെ ഇല്ലേ .......

ഐറ്റംസ് ഒക്കെ റെഡിയായി , ഇനി സേവിക്കയെ വേണ്ടു എന്ന് വന്നപ്പോൾ , ആണ്ടതാ കേറി വരുന്നു മറ്റൊരു ഐറ്റം ---"നിള"!. ഞാൻ അറിയാതെ ഫൈസലിനോട് പറഞ്ഞു പോയി : 'ചരക്ക്  കൊള്ളാം '. പിന്നെ രൂപന്റെ വക ഒരു അവതരണ പ്രസംഗം : ' ഇതു  മിസ്‌ . നിള , ഇവിടെ  ഡൽഹി യൂണിവേഴ്സിറ്റിയിൽ പി .ജി . ചെയ്യുന്നു . നമ്മുടെ കൂട്ടത്തിൽ  കൂട്ടാൻ പറ്റുന്ന എന്റെ ഏറ്റവും അടുത്ത പെണ്‍  സുഹൃത്ത് . പിന്നെ അവളുടെ വക ഷേക്ക്‌ ഹാൻറ് ഞങ്ങൾ ഏഴു പേർക്കും . ഞങ്ങളുടെ കൂട്ടായ്മയിൽ അങ്ങനെ ആ തിരു കർമ്മത്തോടെ അവളും പങ്കു  ചേർന്നു .

എന്താ പറയുക, ഒരു പെണ്ണിരിക്കുമ്പോൾ അറിയാതെ പോലും നന്നാകാൻ ശ്രെമിക്കുന്ന നമ്മൾ ഇത്തിരി കാണാൻ  കൊള്ളുന്നവളാണ് എങ്കിൽ വല്ലാണ്ട് മാന്യന്മാർ ആയി പോകും . പക്ഷെ  ഇവൾ സാധനം വേറെയാ .--- ഫസ്റ്റ്  പെഗ്ഗ് ഞങ്ങൾ തീര്ക്കും മുൻപേ അവള് ഗ്ലാസ് കാലിയാക്കി , ഞങ്ങളോട് കയർത്തു : ഇതെന്താ മക്കളേ  ചില പിള്ളേര് മരുന്ന് കുടിക്കുംപോലെ . എടുത്തങ്ങു  വലിച്ചു വിട് ; അപ്പോഴല്ലേ ജോർ  ആവൂ .... പറഞ്ഞു തീർത്തതും അവൾ രണ്ടാം പെഗ്ഗ് പകുതിയാക്കി .

ഞാൻ അറിയാണ്ട് പറഞ്ഞു : ഇവടെ വീട്ടിലെ  ടൈനിംഗ് ടേബിളിലും എന്നും  ഉണ്ടാവുമോ അളിയാ കുപ്പി ?? അപ്പൊ തന്നെ മനു : ആ ലൈൻ തന്ന മച്ചു  ഇവള് , ഒരു " 22 F K ", അതികം അങ്ങോട്ട്‌ ചായണ്ടാ , പിന്നെ പണികിട്ടുന്ന  വഴി അറിയില്ല .

എന്നിരുന്നാലും  ഉള്ളിലെ ഈ ഓക്സിറ്റോസിന്റെയും വാസോപ്രേസിന്റെയും ഹോർമോണൽ  കളികളാൽ  എന്റെ മച്ചാ  മനുവെ  എനിക്ക് ഓളെ അങ്ങ് പിടിച്ചു ....ഏത് ...ഒരുതരം  വല്ലാത്ത അടുപ്പം .

എന്തിനധികം  പറയണം, ഒരു കുപ്പി കാലി  ആയപ്പോൾ  ആ 'വൻ  സംഭവം' എന്റെ അടുത്ത്  എങ്ങനോ വന്നിരുന്നു . എന്തോ ഒരുതരം കുളിരും തരിപ്പും ഒക്കെ എനിക്ക് തോന്നി . അടുത്ത് വന്നിരുന്നവളുടെ മുഖത്തേക്ക് നോക്കാൻ കണ്ണുയർത്തും മുൻപേ ,  " മത്തായിച്ചോ ...നിളക്കും  എന്തേലും ഹോർമോണൽ  പ്രോബ്ലെംസ് ഉണ്ടാകുമോ അളിയാ ? - മനുവിന്റെ വക ഒരു ഗോളടി .

ഞാൻ വെളിയിൽ  ചിരിച്ച്  ഉള്ളിൽ  പുഴുത്ത  തെറി മനുവിനെ വിളിച്ചു കൊണ്ട്  നിളയിലേക്ക്  തിരിഞ്ഞു : ചുമ്മാ...വട്ടാ അവന് .

നിള :  എന്താ  മത്തായിച്ചാ  പ്രശ്നം ?

ഏയ് ... അവന്മാര് ചുമ്മാ... എനിക്ക് നിളയെ  നല്ല മുൻ പരിചയം തോന്നുന്നു എന്ന് പറഞ്ഞതിനാ .

നിള : ശരിയാ .....ഒരു  കഴിഞ്ഞ ജന്മ ബന്ധം അല്ലെ ? ( ആക്കിയ ചിരിയോടെ )

അങ്ങനല്ല ......അത്.....

അവൾ പറഞ്ഞു , പൊന്നച്ചായാ , ഇതൊക്കെ  ഒരു പഴഞ്ചൻ  നമ്പരല്ലേ . പുതിയതൊന്നും ഇല്ലേ  പരീക്ഷിക്കാൻ ?

അങ്ങനെ  എന്റെ ആദ്യ  നംബർ  പൂക്കുറ്റി  പോലെ ചീറ്റിയപ്പോൾ , അവള്ക്ക് മുൻപിൽ  ഒരുപാടങ്ങ്‌  തകരാതെ നിർത്താൻ  മനുവിന്റെ വക  അടുത്ത  അഭിപ്രായ  പ്രകടനം .: ഏതായാലും  കുപ്പി ഒന്ന് കഴിഞ്ഞ സ്ഥിതിക്ക് നമുക്ക് എല്ലാർക്കും ഒരു പാതിരാ  യാത്രയായാലോ ???

ആ  മഹാന്റെ വാക്കുകളെ ശിരസാ വഹിച്ചു കൊണ്ട്  കൂട്ടായ്മയുടെ  അടുത്ത രംഗത്തിനായി അങ്ങനെ  ആ  സംഘം  ഓൾഡ്‌  ഡൽഹി  ലക്ഷ്യമാക്കി  നാല് ബൈക്കിൽ  വിട്ടു . അർദ്ധരാത്രിയിൽ  ഡൽഹി  ഉറങ്ങുമ്പോഴും  ഉണർവിന്റെ  ലഹരിയിൽ  കുളിരണിഞ്ഞു  നില്ക്കുന്ന ഓൾഡ്‌ ഡൽഹിയിലെ  ജുമാ മസ്ജിദ്  ആയിരുന്നു  അടുത്ത ഞങ്ങളുടെ  സ്പോട്ട് . ഇരുട്ടിനെ  കീറി മുറിച്ചുകൊണ്ട്  ബൈക്കുകൾ ഓരോന്നും പായുമ്പോൾ , രൂപന്റെ ബൈക്കിനു  പിന്നിലിരുന്ന  നിളയുടെയും മനുവിന്റെ ബൈക്കിനു പിന്നിലിരുന്ന  എന്റെയും കണ്ണുകള ഇടക്കെപ്പോഴോ  ഉടക്കി . ചുവപ്പ് കോട്ടയുടെ  മുൻപിലൂടെ  ഞങ്ങൾ കടന്നുപോയപ്പോൾ  കാലഘട്ടങ്ങളുടെ  പിന്നിലേക്ക്‌ പോയവൾ ഒരു  സുൽത്താനയാണ്  എന്ന്  എനിക്ക് തോന്നി , അല്ല , ഉള്ളിലാക്കിയ  ബോട്ടിലിനുള്ളിലെ കവിതകളാണ്  എന്നെ ആ ഭാവനയുടെ കാഴ്ച്ചക്കാരനാക്കിയത് .

ബീഫ്  കബാബും  ചിക്കൻ  ടിക്കയും  റുമാലി  റൊട്ടിയും  ഓർഡർ ചെയ്തു ഞങ്ങൾ കാത്തിരിപ്പായി . ഇപ്പഴും  വൻ സംഭവത്തിന്റെ അടുത്ത് തന്നെ  ഞാൻ സ്ഥാനം പിടിച്ചു . ഞങ്ങളുടെ  കൂട്ടത്തിൽ മറ്റു പലർക്കും  അവളോട്‌ "ഒരു ഇത് " തോന്നിയെങ്കിലും അത് ആദ്യമായി  പ്രകടിപ്പിച്ചത് ഞാനായത് കൊണ്ട്, നുമ്മ  ആണുങ്ങൾക്കിടയിലെ ഒരു  അലിഖിത നിയമത്താൽ അവർ മൌനമായി എനിക്ക് അവളോട്‌ സംസാരിക്കാൻ അവസരം നൽകി . പാകപെടുത്തിയ  അടുത്ത നമ്പരുമായി ഞാൻ സംസാരം തുടങ്ങി  ....

അല്ല , നിള  എന്താ  മറ്റു പെണ്‍കുട്ടികളിൽ  നിന്നും വ്യത്യസ്തമായി  ഇങ്ങനെ ഒക്കെ ?

എന്റെ  മത്തായിച്ചാ , ഇപ്പോ ഞാൻ മാത്രമല്ല , ഒരു പാട് പേർ  ഇങ്ങനൊക്കെ  തന്നാണേ . പെണ്ണെന്നുള്ള  ലേബലിൽ കുടുങ്ങി  ഞങ്ങളെന്തിനു ജീവിതം ആസ്വദിക്കാതിരിക്കണം ? നിങ്ങൾകൊക്കെ  പലതും ചെയ്യാം . ഞങ്ങൾക്ക്  മാത്രം  അത് പാടില്ല , ഇതു  പാടില്ല  എന്നൊക്കെ വാശി പിടിക്കുന്നത്‌  എന്തിനാണ് ?

ഞാൻ വെറുതെ ചോദിച്ചന്നേ  ഉള്ളൂ  നിള . എന്തൊക്കെ  പറഞ്ഞാലും  നമ്മൾ ന്യൂ ജനറേഷൻ  ആമ്പിള്ളേർ നിങ്ങളുടെ പക്ഷത്താണ് . EQUALITY  വേണം  എന്തിനുംഏതിനും .

ഇതൊക്കെ  നിങ്ങൾ പറയും , പക്ഷെ നിങ്ങളുടെതാകുന്ന  പെണ്ണുങ്ങൾക്ക്‌  നിങ്ങൾ ഇതൊക്കെ  കൊടുക്കുമോ ? ബാച്ചിലർ  കാലയളവിൽ  സകല വിധ ആശയങ്ങൾക്കും വിപ്ലവങ്ങൾക്കും  വേണ്ടി  വാദിക്കും . എന്നാൽ  കുടുംബം , കല്യാണം  എന്ന  നിലയിലേക്ക്  കാര്യങ്ങൾ എത്തുമ്പോൾ  , മത്തായിച്ചനല്ല  , നമ്മുടെ  ഏത്  മലയാളി  പയ്യന്മാരും നിബന്ധനകളുടെ  വേലികെട്ടു  തീർക്കും  പെണ്ണിന് .

നീ ... നീ  ഒരു  ഫെമിനിസ്റ്റ്  ആണോ ?

മാത്യു , എല്ലാ  പെണ്ണുങ്ങളും  ഫെമിനിസ്റ്റുകളാണ്‌.. , തിരിച്ചറിവ്  വയ്കുമ്പോൾ തന്നെ  ഞാൻ പെണ്ണാണ്‌ എന്നുള്ള  ബോധം ഞങ്ങളിലെല്ലാവരിലും ഉണ്ട് . ലോകം ഞങ്ങളെ ഒരു നിയന്ത്രിത ചുറ്റുപാടിലാക്കി , ഞങ്ങളുടെ ഭൂതവും ഭാവിയും വർത്തമാനവുമൊക്കെ നാല്  ചുവരുകല്കുള്ളിലാക്കി , ഞങ്ങളുടെ അവകാശങ്ങളെ  ഔധാര്യമാക്കുമ്പോൾ , അവസരങ്ങളെ  തട്ടി കളയുമ്പോൾ , ഞങ്ങളിൽ  ചിലർ  ഞങ്ങള്ക്കായി  വാദിക്കുന്നു , പൊരുതുന്നു . അത്രതന്നെ . അവരെ നിങ്ങൾ  ഫെമിനിസ്റ്റെന്നു  വിളിക്കുന്നു .

ഹും , ശരി നിള,  നമുക്ക്  അവന്മാരുടെ അടുത്തേക്ക് പോകാം . (എന്റെ  അടുത്ത നമ്പരും എങ്ങും എത്താതെ  ബുമറാങ്ങു  പോലെ  തിരിച്ചെത്തിയപ്പോൾ, ഇനി ഒരു പാട് പഞ്ചാരയടിക്കൽ  ആസ്ഥാനത്താണ് എന്ന് മനസിലാക്കി  ഞാൻ പറഞ്ഞു...)

മാത്യു , നമുക്ക്  പോകാം , പക്ഷേ  ഇത്രയും  പറഞ്ഞ  സ്ഥിതിക്ക്  നമുകൊരല്പനേരം  കൂടി   സംസാരിക്കാം . എനിക്ക്  തോന്നുന്നു  ചിലത്  താങ്കളോട്  പറയാം എന്ന് .  താങ്കൾക്കറിയുമോ  ഞാൻ ആരാണെന്ന് ? ഞാൻ നിള  മാത്രമല്ല , ഞാനൊരു  "HOPLITE" ആണ്!!! .

പുളിയുള്ള എന്തോ സാധനം വായിലിട്ടു കടിച്ച വികാരത്തോടെ  ഞാൻ ചോദിച്ചു , ഹോപ്പ് ലൈറ്റൊ  ?? അതെന്തു  സാധനം ???

അതൊരു  ഗ്രീക്ക് വേർഡ്‌  ആണ് -- സോൾജിയറിന്റെ . ഞാൻ  ഒരു സംഘടനയുടെ പോരാളിയാണ് . ഇവിടെ നില നിൽക്കുന്ന  ചില നയങ്ങൾക്കും  നിയമങ്ങൾക്കും  എതിരെ പോരാടാൻ  പരിശീലനം സിദ്ധിച്ചവൾ ! ഞങ്ങൾ ഇന്നിന്റെ  ശരിയും നാളെയുടെ വാഗ്ദാനവും  ആണ് . ഓരോ 20 മിനിട്ടിലും  പെണ് ശരീരങ്ങൾ കാമ  വെറിയാൽ  നശിപ്പിക്കപെടുന്ന  ഈ നാട്ടിൽ ഞങ്ങളിൽ  ചിലർ  പോരാളികളാവുകയാണ് , ഞങ്ങൾക്കായി .  ആദ്യം നിങ്ങൾ ആണ്‍ സമൂഹം  നടക്കുന്ന വഴിയെ നടന്നാണ്  ഞങ്ങൾ തുടങ്ങുന്നത് . നിങ്ങൾ നിങ്ങൾക്കടക്കാനാവാത്ത വികാരങ്ങളുടെ കാരണം മറ്റു പലതിലും ചാർത്തി നിങ്ങളെ ന്യായീകരിക്കുമ്പോൾ , അത് ഞങ്ങൾ ആസ്വദിച്ചാലും വികാര  വിചാരങ്ങൾ  നാം അനുവദിക്കാതെ നമ്മിൽ നിന്നുണ്ടാവില്ല എന്ന  സത്യം ലോകത്തോട്‌ വിളിച്ചു പറയാനായി ഞങ്ങൾ ആ വഴി നടന്നു തുടങ്ങി .  മദ്യവും  കഞ്ചാവും ഞാനും എന്റെ  കൂട്ടാളികളും ആസ്വദിച്ചു . ആണ്‍  സുഹൃത്തുകൾക്ക്  ഒപ്പം കൂട്ട്  കൂടി . പക്ഷെ ഞങ്ങളിൽ ഒരു ലഹരിയും  ഞാൻ എന്ന വിചാരത്തെയും , എനിക്ക്  എന്ത് ചെയ്യാം എന്ന  ബോധത്തെയും തകർത്തു  കളഞ്ഞില്ല . ഞങ്ങൾ  ഒരാണിനെയും  പീഡിപ്പിച്ചില്ല . അടുത്ത പടി  "മിഷൻ -P"  ആണ് .

എന്റെ വായ്  അറിയാതെ  തുറന്നു . നിളാ , നീ ...നീ  എന്തൊക്കെയാണ്  പറയണേ ?  ഇപ്പോ  ഇവിടാരും ഒന്നും പറഞ്ഞില്ലലോ , നിങ്ങള്ക്ക് വേണ്ടി  നമ്മൾ  youngsters സപ്പോർട്ട്  ചെയ്യുന്നുണ്ടല്ലോ . ഇങ്ങനെ ഒക്കെ ഉള്ള ചിന്ത തെറ്റല്ലേ ??? ഡൽഹി  സംഭവത്തിൽ പ്രതിഷേധിച്ചവരിൽ  ഒരു പറ്റം ആണ്‍  സുഹൃത്തുകളും ഇല്ലേ ?

ഉണ്ട്  മത്തായിച്ചാ , ഉണ്ട് . അവരെ ഞങ്ങൾ മനസിലാക്കുന്നു . പക്ഷെ  ഞങ്ങൾക്ക്  ഞങ്ങളുടെ  മിഷൻ  നടപ്പിലാക്കാതിരിക്കാൻ  സാധ്യമല്ല . അത് തുടങ്ങി കഴിഞ്ഞു . ഇനിയുള്ള ന്യൂസ്‌ പേപ്പർ  താളുകൾ  നിറയുന്നത്  ബലാത്സംഗ വാർത്തകൾ  കൊണ്ടല്ല , അത് നടത്തിയ  ഓരോ കേസുകളിലെ  അവന്മാർക്കെതിരെയുള്ള  HOPLITES  ൻറെ  'മിഷൻ - P ' ( MISSION  PENECTOMY ) വാർത്തകൾ കൊണ്ടാവും . മുറിച്ചു  മാറ്റപെട്ട  ലൈ൦ഗിക അവയവുമായി  ആണുങ്ങളുടെ  എണ്ണം  കൂടുമ്പോൾ ഇവിടെ  റേപ്പുകളുടെ  എണ്ണം  കുറയും  തീർച്ച .

നിളാ , ഇതൊന്നും  സാധ്യമല്ലാത്ത  വെറും പദ്ധതികളാണ് . ഇവിടെ  നിയമമുണ്ട് , പോലിസുണ്ട് . നിങ്ങൾകെത്ര  പേരെ  അങ്ങനെ ചെയ്യാൻ  കഴിയും . അഥവാ  സാധിച്ചാൽ , നിങ്ങളുടെ ഒരു ഉദ്യമം കഴിയുമ്പോൾ തന്നെ നിങ്ങൾ പിടിക്കപെടും . ആണുങ്ങൾ  നിങ്ങളെക്കാൾ  അതികായകന്മാർ  തന്നെ , മുഴുവൻ  ആണ്‍ വർഗ്ഗത്തിനായി  ഞാൻ വാദിച്ചു .

മത്തായിച്ചാ , ഞങ്ങൾ ഇതു  ചിന്തിച്ചില്ലാ എന്ന്  തോന്നുന്നുണ്ടോ ? ഇപ്പോ  HOPLITES  ഇന്ത്യയുടെ  എല്ലാ  മുക്കിലും  മൂലയിലും വ്യാപിച്ചു കഴിഞ്ഞു . രഹസ്യ മീറ്റിങ്ങുകളും കർമ്മ  പരിപാടികളും  തുടങ്ങി കഴിഞ്ഞു . വിദ്യാഭ്യാസമുള്ളവരും  ഇല്ലാത്തവരും  ഞങ്ങളുടെ ഭാഗമാണ് . ചെറിയ കുട്ടി മുതൽ  പ്രായമായവർ വരെ HOPLITES  ആണ് . ഇനിയും ഇതിന്റെ പടര്പ്പും പെരുപ്പവും എനിക്ക്  നിങ്ങളോട്  വിശദീകരിക്കാൻ  കഴിയില്ല .  അത്  പുറം  ലോകം അറിയാത്ത  പദ്ധതികളാണ് . എന്തായാലും  ഞാൻ പറഞ്ഞ ഇവ നീവഴി  നാളെ മറ്റൊരാളിലേക്ക് എത്തിച്ചേർന്നാൽ , ഞാനെന്ന  ആളിലേക്ക് എന്തെങ്കിലും  സംശയം  നീണ്ടാൽ  പ്രിയ മാത്യു  തോമസ്‌ , നിങ്ങൾകിടയിലെ Penectomy  Mission  ൻറെ  ആദ്യ  ഇര  നീ ആയിരിക്കും .

വേണ്ടാത്ത എവിടെയോ ചെന്ന്  തലയിട്ടപോലൊരു  തോന്നൽ . പറഞ്ഞറിയിക്കാനാവാത്ത ഒരു ഭീതി . അറിയാതെയാണെങ്കിലും  രണ്ടു  തുള്ളി മൂത്രം  ജീൻസിനുള്ളിലേക്ക് . കാരണം , അവളുടെ  ആ വാക്കുകളിലും ഭാവങ്ങളിലും അത്രയ്ക്ക്  ഭീകരത നിറഞ്ഞിരുന്നു . കുടിച്ച പെഗ്ഗുകളുടെ  ലഹരി എങ്ങോ പോയ്‌ മറഞ്ഞു . എനിക്ക് ചുറ്റും നഗ്നരാക്കപ്പെട്ട ആണത്വം  മുറിച്ചു മാറ്റപെട്ട പരുഷ ഇരകൾ കൂകി വിളിച്ചു നിൽക്കുന്നതായി  കാണപെട്ടു . പിന്നെ ആ രാത്രി എങ്ങനെ മറഞ്ഞെന്നു ഞാൻ കൃത്യമായി ഓർക്കുന്നില്ല  ......

പിറ്റേന്ന്  കാലത്ത്  അവളെ  ഞാൻ കണ്ടില്ല . ഒരിക്കലും ഒന്നും മറച്ചു വക്കാൻ  കഴിയാത്ത ഞാൻ, ഇന്നലെ രാത്രി എനിക്കുണ്ടായ  വെളിപ്പാട്  ഫൈസലിനെ  ഭയചകിതനായി  അറിയിച്ചു .

ഓള്  നിന്റെ  നംബരുകളെ  എട്ടാക്കി  മടക്കി തന്നതാ അളിയാ . പുച്ഛ ചിരിയോടെ  ഫൈസൽ .

കാര്യത്തിന്റെ കിടപ്പ് അവനു പിടി കിട്ടാത്തത് ഓർത്തപ്പോൾ  ഒരു സഹതാപത്തോടെ   ഞാൻ കഥ  ആവർത്തിച്ചു . അവന്റെ ചിരികളിൽ എന്റെ  ശ്രമങ്ങളെല്ലാം പരാജയപെട്ടു .

മറ്റു പഹയന്മാര് ലഹരി വിട്ടുനർന്നപ്പോൾ ഫൈസൽ പങ്കു വച്ചത് എനിക്ക്  കിട്ടിയ  വെളിപ്പാടിനെ  കുറിച്ചായിരുന്നു . പുറത്താകപെട്ട  കൊടും  രഹസ്യം കേട്ട് എല്ലാവരും ചിരിച്ചു ചിരിച്ചു എനിക്ക് നേരെ നോക്കുമ്പോഴും  ഞാൻ എനിക്ക് ഭവിക്കാൻ പോകുന്ന വിപത്ത് ഓർത്തു  ഉള്ളിൽ  കിടുങ്ങുകയായിരുന്നു .

ചുരുളഴിയിക്ക പെട്ട  ആ  രഹസ്യം അവളിലേക്കെത്താൻ  ഇനി  എത്ര  നേരം എടുക്കും എന്ന അസ്വസ്ഥത  എന്നെ വല്ലാണ്ട് മൂടി . ഇരുന്നും കിടന്നും നിന്നുമുള്ള മറ്റു പോങ്ങന്മാരുടെ  ചിരികളിൽ എനിക്ക് കിട്ടിയത്  എട്ടിന്റെ  പണിയാണോ അതോ മറിച്ചാണോ  എന്ന് മനസിലാവാതെ  ഞാൻ ബാത്ത്റൂമിലേക്കോടി .... ആർത്തിയോടെ ..... ഒന്നാസ്വദിച്ച്  മൂത്രമൊഴിക്കാൻ .








  

4 comments:

  1. ഹോ, എന്താ ഇത്? അപാരം.
    മത്തായി കുടിച്ചു മത്തായതാണ് എന്നും, നിള ഒന്ന് പേടിപ്പിച്ചു വിട്ടതാണ് എന്നും മറ്റുള്ളവർ കരുതുമ്പോൾ, വാസ്തവം എന്താണ്? മത്തായിക്കുണ്ടായ മൂത്രശങ്ക പലര്ക്കും ഉണ്ടാകും.
    ആശംസകൾ.

    ReplyDelete
  2. വളരെ നന്ദി ഡോക്ടർ ,
    'വാസ്തവം ' ഇപ്പഴും മറ നീക്കി പുറത്ത് വന്നിട്ടില്ല . മത്തരായ ഓരോ മത്തായിമാരും അതാണോ ഇതെന്നും ഇതാണോ അതെന്നും കരുതികോട്ടെ. ആസ്വദിചാസ്വദിചു മൂത്രമൊഴിക്കട്ടെ,പക്ഷെ ലഹരിയിൽ hoptiles നെ ഭയപെടട്ടെ. എന്റെ ഒരു സുഹൃത്ത് ചോദിച്ചതു : ലിജി , അല്ല ഈ പെണ്ണുങ്ങളുടെ ഇടയിൽ ഇനി ഇങ്ങനെ ഒരു ഗ്രൂപ്പ്‌ ഉടലെടുത്തിട്ടുണ്ടാവുമോ എന്തോ ????

    ReplyDelete
  3. More than the content of this post here, I was enjoying the slang you have used in the conversations here…

    ReplyDelete