സസ്നേഹം .......
ഞാൻ ദേവൻ , കൃഷ്ണജിത്ത് ദേവൻ എന്നാണ് മുഴുവൻ പേര് . അമ്മ ദേവൂന്നു വിളിക്കും . അതിലൊരു പെണ്ണത്തം ഉള്ളതിനാൽ കൂട്ടുകാർക്ക് ഞാൻ ദേവൂട്ടിയായി . എന്നിലെ പൌരുഷം ജ്വലിക്കും ആ വിളി കേൾക്കുമ്പോൾ .അറിയാതെയും അറിഞ്ഞും കലിച്ചു തുള്ളിയിട്ടുണ്ട് വെളിച്ചപ്പാട് പോലെ ആ വിളികളിൽ .
ഇതൊരു കത്തിന്റെ ആരംഭ വരികളാണ് ; അതിലുപരി എന്നെ ഞാൻ ഇയാൾക്ക് പരിചയപെടുത്തുകയാണ് . കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ....ഒരു അപരിചിതന്റെ കത്തിലെ അപരിചിതത്വം ഇയാൾക്കും അനുഭവപെടാം; എങ്കിലും ഞാൻ പറയുന്നു നമ്മൾ അപരിചിതരല്ല ....പരിചിതരാണെന്ന് .
ആ വരികൾ .....ആ കൈപടകൾ ....അതാണ് എന്നെ ആകർഷിച്ചത് . വാക്കുകൾ ആത്മാവിലേക്ക് ആഴ്ന്നിറങ്ങും പോലെ ; പ്രാണവായു പോലും ആ വാക്കുകൾ പേറി സഞ്ചരിക്കും പോലെ ....
ഞാൻ ആദ്യം വായിച്ച വരികൾ ഇതാണ് :
"മൌനം പേറി, പ്രണയം ഉള്ളിൽ നിറഞ്ഞിരിക്കുന്നു ,
വാക്കുകൾ അറിയാഞ്ഞിട്ടല്ല ,
പക്ഷെ, നാവിൽ നിന്നുതിരുന്നില്ലല്ലോ ...."
ഇതാണ് എന്നെ കുട്ടിയുടെ ആരാധകൻ ആക്കി മാറ്റിയത് , അതിലുപരി പരിചയക്കാരനും .
ഞാനന്ന് പാലക്കാട്ട് നിന്നും വീട്ടിലേക്കു വരുകയായിരുന്നു . തനിച്ചു ....നിർവികാരനായി . ആ ട്രെയിനിൽ , ആ കംപാർട്ടുമെന്റിൽ 15 ആം നമ്പർ സീറ്റിൽ ഇരിക്കുമ്പോൾ ഞാൻ ഒരിക്കലും ചിന്തിച്ചിരുന്നില്ല ഇങ്ങനെ ഒരു കത്ത് ആ യാത്ര എന്നെകൊണ്ട് എഴുതിക്കുമെന്നു .
യാദൃശ്ചികമായി ....അതെ വളരെ യാദൃശ്ചികമായി ആണ് ഞാൻ ആ ഡയറി കണ്ടത് . നിലത്തു തുറന്നു കിടന്ന ആ ഡയറി താളിൽ കറുത്ത വരികൾക്കുള്ളിലായി നീലയക്ഷരത്തിൽ ഞാൻ ആ വരികൾ വായിച്ചു --
" മൌനം പേറി, പ്രണയം ഉള്ളിൽ നിറഞ്ഞിരിക്കുന്നു ,
വാക്കുകൾ അറിയാഞ്ഞിട്ടല്ല ,
പക്ഷെ , നാവിൽ നിന്നുതിരുന്നില്ലല്ലോ ...."
ആദ്യം ഒന്ന് ചിരിച്ചു ; പിന്നെ വിളിച്ചു ചോദിച്ചു ആരാണീ ഡയറിയുടെ അവകാശിയെന്നു . ആരും വന്നില്ല . ഒടുവിൽ ഒരാൾ പറഞ്ഞു : അത് ചിലപ്പോൾ ഈ സീറ്റിൽ ഇരുന്ന , പാലക്കാട് ഇറങ്ങിയ ആ കുട്ടിയുടെതാവാം ...
പാലക്കാട് ഇറങ്ങിയ ആ കുട്ടി.....ഞാൻ ഒരിക്കൽ കൂടി ചിരിച്ചു ....
അറിയാത്ത ഒരാളുടെ ഡയറി തുറന്നു വായിക്കണോ വേണ്ടയോ എന്ന് ചിന്തിച്ചു , ആ നിമിഷത്തിൽ തന്നെ അത് എന്റെ കൈയിൽ നിന്നും താഴേക്കു വീണു , തുറന്നു വീണതോ അതെ വരികളുള്ള ആ പേജിൽ . രണ്ടുതവണ വായിച്ച ആ വരികളാണോ .... അതോ അടക്കമാർന്ന ആ കൈപടകൾ ആണോ എന്നെ ആ ഡയറി വായിക്കുവാൻ വീണ്ടും ആഹ്വാനം ചെയ്തതെന്ന് അറിയില്ല എങ്കിലും ഞാൻ വായിച്ചു , ഓരോ വരികളും ആവേശത്തോടെ ....
കവിതകളെ , കഥകളെ അതിലുപരി അവയിലൂടെ ഇയാളെ ഞാൻ ചില മണിക്കൂറിനുള്ളിൽ അറിഞ്ഞു . ആ നാട് ....വെട്ടുകല്ലുകളിൽ പായൽ നിറഞ്ഞ ഇടവഴികൾ , നീണ്ട വരമ്പ് , താമരമംഗലം തറവാട് , ആരെയോ കാത്തു കിടക്കുന്ന ചാരുകസേര ....,.നീല ജന്നൽ വിരിയിട്ട ജനാലകൾ , മയിൽപീലി കൂട്ടങ്ങളും മഞ്ഞാടികുരുവും സൂക്ഷിച്ചിരിക്കുന്ന അടക്കമാർന്ന മേശ ....സ്വപ്‌നങ്ങൾ നിറഞ്ഞ ഇളം പിങ്കു നിറത്തിലുള്ള മുറി ഒക്കെ .... ഇങ്ങു കോട്ടയതെത്തിയപ്പോഴാണ് പേജുകൾ ബാക്കിയിട്ട് കവിതകൾ അവസാനിച്ചത് . ഇനിയും ഉണ്ടായിരുന്നെങ്കിൽ എന്ന് മനസ് കൊതിച്ചപ്പോഴാണ് ഇനി എഴുതണമെങ്കിൽ ഈ ഡയറി വേണമെന്നും അതിപ്പോൾ എന്റെ കൈവശമാണല്ലോ എന്നും ഞാൻ ഓര്ത്തത് .ട്രെയിനിൽ നിന്നിറങ്ങുമ്പോൾ ആ ഡയറി ഞാൻ കൂടെ കരുതി ആരും കാണാതെ .
വീട്ടിൽ വന്നിരുന്നു ഞാൻ പലവുരു വായിച്ചു , കവിതകൾ ...കഥകൾ . വരികൾക്കിടയിലൂടെ പ്രണയം നിറഞ്ഞ ആ ഹൃദയവും ; അത് സൂക്ഷിക്കുന്ന ആ മുഖവും ഞാൻ കണ്ടു . ആര്ക്ക് വേണ്ടിയാണ് ഈ കാത്തിരുപ്പ് ? കഥയിൽ ചോദ്യമില്ലല്ലോ , എങ്കിലും ഞാൻ ചോദിച്ചു പോയി .
അക്ഷരങ്ങളെ സ്നേഹിക്കുന്നതിനാലാവും കവിതകളിലെ തമ്പുരാട്ടിക്കു ഞാൻ ഈ ഡയറി തിരികെ ഏൽപ്പിക്കാം എന്ന് തീരുമാനിച്ചത് . വിലാസം ഡയറിയിൽ എഴുതിയിരുന്നത് ശരിയായിരുന്നു , പക്ഷെ പേര്, അത് മാത്രം ആർക്കും അറിയില്ല .--- "മീനാക്ഷി".
ഞാൻ ആ പേര് പലവുരു പറഞ്ഞു ; മുൻപെങ്ങൊ ആവർത്തിച്ചാവർത്തിച്ചു വിളിചിരുന്നതുപോലെ ഒരു തോന്നൽ . പേരിലെ അവ്യക്തത മാത്രം മാറ്റിനിർത്തി നാട്ടുകാരിലൊരാൾ ആ വീട് ദൂരെ നിന്നും കാട്ടിത്തന്നു . വരമ്പുകൾ താണ്ടുമ്പോൾ എനിക്ക് വളരെ പരിചിതത്വം തോന്നിയിരുന്നു . വാക്കുകളും വരികളും അത്രയ്ക്ക് യാഥാർത്ഥ്യമായിരുന്നു കവിതകളിലെ പോലെ ഇവിടെയും .മുൻപ് കണ്ട ഏതോ ഒരു ചിത്രം പോലെ എല്ലാം ഞാൻ തിരിച്ചറിഞ്ഞു .
അച്ഛൻ ആയിരുന്നു ആദ്യം സംസാരിച്ചത് . ഡയറി മേശമേൽ വച്ച് ഞാൻ മീനാക്ഷിയെ തിരക്കി . മുത്തശ്ശി മാത്രം വിളിക്കാറുള്ള ആ പേര് ഞാൻ ചോദിച്ചപ്പോൾ അദ്ദേഹത്തിന് ആശ്ചര്യം . ഞാൻ കഥ പറഞ്ഞു 5 മിനിറ്റുകൊണ്ട് . മുഴിമിചുടൻ അദ്ദേഹം നീട്ടി വിളിച്ചൂ --"രോഹിണീ "
പിന്നെ ഇങ്ങനെയും : ' സൂകേടുകാര്യാ കുട്ട്യേ ....അവൾ മിണ്ടില്ല ...പക്ഷെ ചിരിക്കും കുപ്പി വളോള് ചിലുങ്ങണ പൊല്യെ '....
തരിപ്പോടെ മുഖമുയർത്തിയപ്പോൾ അമ്മക്കൊപ്പം ചിരിച്ചു വിടർന്ന മുഖത്തോടെ കുട്ടിയെ കണ്ടു . ഒരു നിമിഷത്തിൽ വാക്കുകളെല്ലാം എന്റെ തൊണ്ടക്കുള്ളിൽ നിന്നും ഇറങ്ങി പോയി , ഞാനും ഊമയായി പോയി!. ഒന്നും സംസാരിക്കാനാവാതെ ഞാൻ തിരികെ നടന്നപ്പോൾ ഏതൊക്കെയോ വരികൾ എന്നെ പിന്നോട്ട് വലിക്കുകയാണ് .
അവ എന്നെ ചിന്തിപ്പിച്ചു . സഹതാപമല്ല , അതിൽ നിന്നുടലെടുത്ത അപക്വമായ പ്രണയവുമല്ല , മറിച്ച് അക്ഷരങ്ങൾ പകർന്നുതന്ന സ്നേഹത്തിന്റെ ജ്വാല എന്നെ ആളി കത്തിച്ചു . ഇങ്ങനെ എഴുതി എഴുതി എന്നെ വരച്ചിടുമ്പോൾ ആ ഡയറി താളിൽ ഞാൻ കണ്ട മുഖംപോലെ എന്നെ വ്യക്തമാകുമോ എന്നറിയില്ല , എങ്കിലും ഞാനുറക്കുന്നു എന്റെ ഹൃദയത്തിന്റെ സ്പന്ദനം അറിയുന്നുവെന്നു .
മൌനം പേറിയ പ്രണയം സൂക്ഷിക്കുന്ന ആ മനസിനോട് ചോദിക്കുകയാണ് , അത് ...അത് എനിക്ക് തന്നുകൂടെ ???
നാവിലെ വാക്കുകൾക്ക് പകരക്കാരായിട്ടു നമ്മുടെ മനസ് സംവദിക്കട്ടെ ; അക്ഷരങ്ങൾ സംസാരിക്കട്ടെ -- മനസും മഷിയുമായി .
അവ ആ താളുകളിലെ വരികൾ പോലെ കാതങ്ങൾ താണ്ടി നിന്റെ അരികിൽ വന്ന് , നിന്റെ ചെവിയിൽ മന്ത്രിക്കുന്നു -- ഞാൻ നിനക്കാണ് , ഞാൻ നിന്റെതാണ് ....
അക്ഷരങ്ങളിലെ തീവ്രത ആത്മാവിനെ സ്പര്ശിച്ചുവെങ്കിൽ എനിക്കായി എഴുതുക.
"മൌനം മാത്രം മാഞ്ഞു പോയി ......പ്രണയം യാതാർത്ഥ്യം ആകുവാൻ കാത്തിരിക്കുന്നു ......"
സസ്നേഹം ......
ദേവൻ .........

''അക്ഷരങ്ങളിലെ തീവ്രത ആത്മാവിനെ സ്പര്ശിച്ചുവെങ്കിൽ എനിക്കായി എഴുതുക.''
ReplyDelete''ദേവൂട്ടി'' (
[ദേവനെ ഒന്ന് ശുണ്ടി പിടിപ്പിച്ചുകളയാം :) ] അങ്ങിനെ എഴുതി അല്ലെ? നടക്കട്ടെ.
ഹൃദയസ്പര്ശിയായി ഈ എഴുത്തുകാരി ഇനിയും എഴുതുക. ആശംസകൾ.