Tuesday, August 6, 2013



        ചില നോട്ടം ..ചില ചിരി...ചില കരച്ചിൽ ?? 


ഉത്തരം : ----- "ഭ്രാന്താണ് ; ഇരുളിനെ വെളിച്ചമാക്കുന്ന കറുപ്പിനെ ചുവപ്പാക്കുന്ന ഭ്രാന്ത് . സിരകളിലൂടെ പായുന്ന ഓരോ രക്ത കണികക്കും ഭ്രാന്തിന്റെ ലഹരിയാണ് .



ഇതൊരുതരം ഭയമാണ് , വെളിച്ചത്തെ കാണാനുള്ള ഭയമോ മരണത്തിലേക്ക് കൂപ്പുകുത്താനുള്ള ഭയമോ അല്ല ....ജീവിതത്തെ ജീവിച്ചു തീർക്കാനുള്ള ഭയമാണ് .

നീണ്ട വരമ്പുകൾ താണ്ടി എത്തുന്ന വല്യ തറവാട് . കോണിപടികൾ കയറി മുകളിൽ തെക്കുഭാഗത്തുള്ള സൂര്യന്റെ വെളിച്ചം കടക്കാത്ത ഇരുട്ടു മുറി . അതിൽ മാറാലകൾ പിടിച്ചു വിയർപ്പിന്റെയും വേദനയുടെയും അസഹ്യ ഗന്ധം പേറിയ ചുമരുകൾ.അതിനുള്ളിലെ കറുത്ത ചങ്ങലയുടെ കൂട്ടായി അവൾ. ഞാൻ പണ്ടെങ്ങോ വായിച്ച കഥയിലെ ഭ്രാന്തിന്റെ ചുറ്റുപാടുകൾ ഇതാണ്. അവള്ക്ക് വെളിച്ചതെയാണ് ഭയം ...

ഒരിക്കൽ കണ്ട സിനിമയിൽ ഇങ്ങനെയും : ബൾബുകൾ തെളിഞ്ഞു പ്രകാശിക്കുന്ന മുറി. വല്യ ശബ്ദത്തോടെ കറങ്ങുന്ന ഫാൻ ; അതിന്റെ നിഴലുകളിൽ നോക്കിയിരുന്നു കൈയിലെ ഞരമ്പുകൾ അറുത്തു മാറ്റിയപ്പോൾ അവൻ ആഗ്രഹിച്ചത്‌ മരണമാണ് . പക്ഷെ ആരൊക്കെയോ രക്ഷപെടുത്തി . എന്നാൽ ഇപ്പോഴും അവൻ ആ ലോകത്താണ് , നിഴലുകൾ മാത്രം കാണുന്ന ആ ലോകത്ത് . ചിരിയുടെ ഭ്രാന്ത്.....

ഒരു യാത്രക്കിടയിൽ എന്റെ കണ്ണ് ചെന്ന് പെട്ടതും മറ്റൊരു ഭ്രാന്തിൻ കാഴ്ചയിലാണ്. ചീറിപ്പായുന്ന വാഹനങ്ങളെയും  കടന്നു പോകുന്ന ജനകൂട്ടങ്ങളേയും ചുറ്റുമുള്ള മറ്റു കൊലാഹലങ്ങളെയും അറിയാതെ തന്നിൽ തന്നെ നോക്കി കണ്ണീർ ഒഴുക്കുന്ന കരച്ചിലിന്റെ ഭ്രാന്ത്....

'തനിയാവർത്തനത്തിലെ' ബാലൻ മാഷിന്റെ പാരമ്പര്യവും കുടുംബ ബന്ധങ്ങളും സമ്മാനിക്കുന്നതും  മറ്റൊരു ഭ്രാന്ത്...ഇനിയൊരു തലമുറ ഈ വിഴുപ്പു ഭാണ്ഡം ഏറ്റു വാങ്ങാതിരിക്കുവാനായി അമ്മയുടെ കൈയിലെ വിഷ ചോറ് കഴിക്കുമ്പോഴും മാഷ്‌ ഭ്രാന്തിന്റെ ലഹരിയിൽ ആയിരുന്നുവോ?? അറിയില്ല ...ഒരു പക്ഷെ മരണ വഴിയായി കടന്നുപോയത് ഭ്രാന്തിന്റെ മറ്റൊരു ലോകത്തിലെക്കാവാം...

സാഹചര്യങ്ങൾ വ്യത്യസ്തമാണെങ്കിലും വികാരം ഒന്നാണ്; പേരും ഒന്നാണ് --"ഭ്രാന്ത്"

ജീവിതം ജീവിച്ചു തീർക്കുന്നതിനിടയിലുള്ള താളപ്പിഴ  --"ഭ്രാന്ത്"

പക്ഷെ ......ഞാൻ...ഞാനെങ്ങനെ ഭ്രാന്തിയായി ???.........
   
       

4 comments:

  1. ജീവിതത്തിന്‍റെ ഓരോ കണ്ണികള്‍ക്കിടയിലും ഭ്രാന്തിന്‍റെ ഒരു കണ്ണി ഒളിച്ചിരിക്കുന്നു.... നീയും ഞാനുമറിയാതെ അതിങ്ങനെ പുറത്തേക്കൊഴുകിക്കൊണ്ടിരിക്കയും ചെയ്യുന്നു.....

    ReplyDelete
  2. നല്ല തുടക്കം.
    എത്ര ബുദ്ധിശാലിയിലും ചിലപ്പോൾ ഭ്രാന്ത്/കിറുക്ക് ഉള്ളതായി മറ്റുള്ളവര്ക്ക് തോന്നാം.
    വീണ്ടും എഴുതുക. ഭാവുകങ്ങൾ.

    ReplyDelete
    Replies
    1. നന്ദി പിന്നെ ഒരുപാടു സ്നേഹങ്ങളും ശ്രീ .ഡൊ. പി. മാലങ്കോട്... എന്റെ രണ്ടു കഥകള കൂടി ഇവിടുണ്ട് . വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ

      Delete
  3. ezhutum orutaram brantanu kuttiiiiiii.best wishes

    ReplyDelete